ഇന്നലെയ്ക്ക് മുന്‍പ് ഒരു ചിത്രപ്പൂട്ട്‌

An excerpt from Mr. Shiju Joseph’s MPhil thesis on Psycho Cultural Analysis of Popular Films in Malayalam, 2005. Reposting for better visibility and readability.


Nakulan and Ganga

ഒരിക്കലും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടില്ലാത്ത രണ്ട് സംവിധായകര്‍ രണ്ട് കാലങ്ങളിലായി സംവിധാനം ചെയ്ത രണ്ട് സിനിമകള്‍ പരസ്പരം പൂരിപ്പിക്കുന്നതായുള്ള വിചിത്രമായ ഒരു സാഹചര്യം മലയാള സിനിമയില്‍ നിരീക്ഷിച്ചിട്ടുണ്ട് . അവിശ്വസിനീയം എന്ന്‍ തോന്നാം. എങ്കിലും യാദൃശ്ചികം എന്ന മട്ടില്‍ തള്ളിക്കളയാവുന്നതല്ല ഈ ചിത്രങ്ങളുടെ പാത്ര സൃഷ്ടിയിലെ സാമ്യതയും മനശാസ്ത്രപരമായി അവയ്ക്കുള്ള പൊരുത്തവും.

സംഭവം ഇതാണ് . 1989 ല്‍ പുറത്തിറങ്ങിയ പത്മരാജന്‍ സംവിധാനം ചെയ്ത “ഇന്നലെ” എന്ന ചിത്രത്തിന്‍റെ പൂര്‍വഭാഗമാണ് (PREQUEL) ആണ് 1994 ല്‍ ഫാസില്‍ സംവിധാനം ചെയ്ത “മണിച്ചിത്രത്താഴ്” എന്നാണ് സൂചന. മണിച്ചിത്രത്താഴിന്‍റെ കഥ തുടര്‍ന്നിരുന്നെങ്കില്‍ അത് ഇന്നലെയുടെ കഥയാകുമായിരുന്നു, കാരണം സൈക്കോളോജിക്കല്‍ ലോജിക് അങ്ങനെ ചിന്തിക്കാനാണ് നമ്മെ പ്രേരിപ്പിക്കുന്നത് . “ഇന്നലെ” എന്ന ചിത്രം അവശേഷിപ്പിക്കുന്ന ദുരൂഹതകള്‍ പൂര്‍ണമാകുന്നത് “മണിച്ചിത്രത്താഴി”ലൂടെയാണ്. സുപരിചിതമെങ്കിലും അല്‍പം കഥ പറയേണ്ടതുണ്ട്.

ഒരപകടത്തെത്തുടര്‍ന്ന്‍ അംനീഷ്യ (Amnesia) അഥവാ സ്മൃതിഭ്രംശം പിടിപെട്ട ഒരു പെണ്‍കുട്ടിയുടെ കേസ് ഹിസ്റ്ററിയാണ് നമ്മള്‍ ഇവിടെ നിരീക്ഷണവിധേയമാക്കുന്നത്. ഗൌരി എന്നാണ് അവളുടെ പേര്. അവളെയൊഴികെ മറ്റെല്ലാവരെയും മരണം കവര്‍ന്ന ഒരു ബസ്സപകടത്തെത്തുടര്‍ന്നാണ് ഗൌരിയ്ക്ക് അവളുടെ ഓര്‍മകളുടെ ഇന്നലെകള്‍ നഷ്ടപ്പെട്ടത്. തന്‍റെ പേരെന്ത് എന്ന ചോദ്യത്തിന് മുന്‍പില്‍ പകച്ച് നിന്ന അവളെ അവളുടെ രക്ഷകര്‍ മായ എന്ന്‍ വിളിച്ചു. രണ്ട് പ്രധാനപ്പെട്ട ചോദ്യങ്ങളുണ്ട് : ഒന്ന്‍: ഓര്‍മ്മകള്‍ ഗൌരിയെ ഉപേക്ഷിച്ചതോ? രണ്ട്: അവള്‍ ഓര്‍മ്മകളെ ഉപേക്ഷിച്ചതോ ? പത്മരാജന്‍റെ ചിത്രത്തിലെ നായികയാണ് ഗൌരി. തികച്ചും അന്വര്‍ഥമായി പത്മരാജന്‍ ചിത്രത്തിന് “ഇന്നലെ” എന്നാണ് പേരിട്ടത്. വര്‍ഷം 1989.

Innale

പത്മരാജന്‍ പ്രേക്ഷകരെ ഗൌരിയുടെ അവള്‍ക്കോര്‍മ്മയില്ലാത്ത ഇന്നലെകളിലെയ്ക്ക് കൂട്ടിക്കൊണ്ട് പോകുന്നുണ്ട്. അവളുടെ ഭര്‍ത്താവ് നരേന്ദ്രനിലൂടെ. വിവാഹിതരായി ബോംബെയില്‍ താമസിച്ചിരുന്ന കാലത്താണ് ഒരു തീര്‍ഥാടകസംഘത്തോടൊപ്പം അവള്‍ യാത്ര പുറപ്പെട്ടത്. പിന്നീട്‌ നരേന്ദ്രന്‍ അവളെക്കുറിച്ച് കേട്ടിട്ടില്ല. അവള്‍ ജീവിച്ചിരിപ്പുണ്ടോ, അതോ മരിച്ചോ, ഒന്നും അയാള്‍ക്കറിയില്ല.

മറെറാരിടത്ത് മായ എന്ന ഗൗരി തീര്‍ച്ചയായും പുതിയ ഒരു ജീവിതം ജീവിക്കുന്നുണ്ടായിരുന്നു. അവളുടെ രക്ഷകരായി മാറിയ ലേഡി ഡോക്ടറോടും അവരുടെ മകന്‍ ശരത്തിനോടുമൊപ്പം. ശരത്തിനോടൊപ്പം ഒരു പുതിയ വിവാഹജീവിതത്തിലേയ്ക്ക് കടക്കാനൊരുങ്ങുമ്പോഴും പഴയ ഓര്‍മ്മകളുടേതായി ഒന്നും അവളില്‍ അവശേഷിക്കുന്നുണ്ടായിരുന്നില്ല.

അവളെ തിരഞ്ഞു വന്ന് നിരാശരായി മടങ്ങിപ്പോയവരില്‍ ഏററവും ഒടുവിലെത്തിയത് നരേന്ദ്രനാണ്. ശരത്തിന്‍റെയും മായയുടെയും വിവാഹം നിശ്ചയിച്ചതിന്‍റെ ശേഷമാണത്. ഓര്‍മ്മകള്‍ നഷ്ടപ്പെട്ട പെണ്‍കുട്ടി ഗൗരിയാണെങ്കില്‍ അവള്‍ തന്നെ തിരിച്ചറിയുമെന്ന് നരേന്ദ്രന് ഉറപ്പുണ്ട്. എന്നാല്‍ മായയ്ക്ക് അയാളെ

ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ല. ഗൗരി പൂര്‍ണമായും മായയായി മാറിക്കഴിഞ്ഞിരിക്കണം. ഗൗരിയോടൊത്തുളള തന്‍റെ പ്രിയപ്പെട്ട നിമിഷങ്ങളുടെ ചിത്രങ്ങള്‍ അവരെക്കാണിക്കാതെ നരേന്ദ്രന്‍ ഒററയ്ക്ക് മടങ്ങി. ഇനി അവര്‍– മായയും ശരത്തും– പുതിയ ഒരു ജീവിതമാരംഭിക്കും.

ഇനി നമുക്ക് ആദ്യം ചോദിച്ച ചോദ്യങ്ങളിലേയ്‌ക്കൊന്നു തിരിച്ചു പോകാം. ഇപ്പോള്‍ തികച്ചും സംഭ്രമജനകമായ ചോദ്യങ്ങളാണത്. ഓര്‍മ്മകള്‍ ഗൗരിയെ ഉപേക്ഷിച്ചതോ, ഗൗരി തന്‍റെ ഓര്‍മ്മകളെ ഉപേക്ഷിച്ചതോ? ഇത് മറെറാരു നിര തുടര്‍ചോദ്യങ്ങളിലേയ്ക്ക് നമ്മെ നയിക്കുന്നു. സത്യത്തില്‍ ഗൗരിക്ക് എന്താണ് സംഭവിച്ചത്? ഗൗരിയെ മായയാക്കി മാററിയ നിഗൂഢതയുടെ താക്കോല്‍ നാം എവിടെയാണ് തിരയേണ്ടത്?

ഗൗരിയുടെ ബാല്യത്തിലോ, നരേന്ദ്രനോടൊത്തുളള വിവാഹ ജീവിതത്തിലോ? ഇന്നലെ എന്ന ചിത്രത്തില്‍ വിശദമായി പരാമര്‍ശിക്കാത്ത ഗൗരിയുടെയും നരേന്ദ്രന്‍റെയും ജീവിതം നമുക്ക് മറെറവിടെയെങ്കിലും കണ്ടെത്താനാകുമോ? ഉദാഹരണത്തിന്… മറെറാരു സിനിമയില്‍?

ഇന്നലെ എന്ന ചിത്രത്തിന് ഒരു പൂര്‍വ്വ ഭാഗം പത്മരാജന്‍ സംവിധാനം ചെയ്തിട്ടില്ല. വാസന്തിയുടെ ജനനം എന്ന തമിഴ് നോവലിനെ ആസ്പദമാക്കി പത്മരാജന്‍ രചിച്ച തിരക്കഥയായിരുന്നു ചിത്രത്തിനാധാരം. എങ്കിലും നരേന്ദ്രന്‍റെയും ഗൗരിയുടെയും ജീവിതം നിങ്ങള്‍ക്ക് സുപരിചിതമാണ്. മറെറാരു സിനിമയിലൂടെ. നരേന്ദ്രന്‍റെയും

ഗൗരിയുടെയും ഈ പൂര്‍വ്വകഥയില്‍ അവര്‍ നകുലനും ഗംഗയുമാണ്. നകുലന്‍/ നരേന്ദ്രന്‍: ഗംഗ/ ഗൗരി. ചിത്രം: മണിച്ചിത്രത്താഴ്. വര്‍ഷം 1993.

Manichithrathaazhu

യാദൃശ്ചികമെന്ന് കരുതാനാകാത്ത ആകസ്മികതകള്‍. നരേന്ദ്രനെയും ഗൗരിയെയും തിരശീലയിലവതരിപ്പിച്ച സുരേഷ് ഗോപിയും ശോഭനയും തന്നെ നകുലനെയും ഗംഗയെയും അവതരിപ്പിച്ചു എന്നത് മുതല്‍ നരേന്ദ്രന്‍-നകുലന്‍, ഗൗരി-ഗംഗ എന്നിങ്ങനെയുളള പേരുകള്‍ പോലുമുളള സാദൃശ്യങ്ങള്‍. ഇന്നലെയിലെ സമസ്യകള്‍ എങ്ങനെയാണ് മണിച്ചിത്രത്താഴില്‍ വെളിച്ചപ്പെടുന്നത്? ഒരിക്കലും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഈ സംവിധായകരുടെ ചിത്രങ്ങള്‍ എങ്ങനെയാണ് പരസ്പരം പൂരിപ്പിക്കുന്നത്?

ഗൌരിയുടെ നിഗൂഡതയറിയാന്‍ നമുക്ക് ഗംഗയുടെ കഥയിലേയ്ക്ക് പോകാം. നകുലനും ഗംഗയും കണ്ടുമുട്ടിയതും വിവാഹിതരായതും ബോംബെയില്‍ വച്ചല്ല, കല്‍ക്കട്ടയില്‍ വച്ചാണ്. ഒരവധിക്കാലത്താണ് അവര്‍ കേരളത്തില്‍, പ്രേതസാന്നിധ്യമുണ്ടെന്ന്‍ കരുതപ്പെടുന്ന മാടമ്പിള്ളി മേടയില്‍ താമസത്തിനെത്തുന്നത്. തുടര്‍ന്നാണ് നമുക്ക് വളരെ സുപരിചിതമായ ആ സംഭവങ്ങള്‍ നടക്കുന്നത്. നാഗവല്ലിയെന്ന നൃത്തക്കാരി ദുര്‍മ്മരണപ്പെട്ട തറവാട്. അയല്‍പ്പക്കത്ത് അവളുടെ കാമുകന്‍റെ വീട്. ഭര്‍ത്താവും കൊലയാളിയുമായ കാരണവര്‍. ഗംഗ വിലക്കപ്പെട്ട ഒരു മുറി തുറക്കുന്നതോടെ ഭീതിജനകമായ സംഭവങ്ങള്‍ അവിടെ അരങ്ങേറുന്നു. മാടമ്പിള്ളിയില്‍ അപകടകാരിയായ ഒരു ചിത്തഭ്രമരോഗിയുണ്ട് . ആരാണത് ? തുടര്‍ന്ന്‍ സൈക്യാട്രിസ്റ്റായ സണ്ണി അത് ഗംഗയാണെന്ന് തിരിച്ചറിയുന്നു. സണ്ണിയുടെ രോഗനിര്‍ണയമനുസരിച്ച് ഗംഗ ചിലപ്പോഴെല്ലാം നാഗവല്ലിയായി മാറുന്നു. അപ്പോള്‍ അവളുടെ വീക്ഷണത്തില്‍ നകുലന്‍ കൊലയാളിയായ കാരണവരും അയല്‍പക്കത്ത് താമസിക്കുന്ന കവിയായ മഹാദേവന്‍ അവളുടെ കാമുകന്‍ രാമനാഥനും. ഗംഗ നാഗവല്ലിയായിത്തീരുന്നത് നകുലനെ/കാരണവരെ വധിക്കാനും മഹാദേവനെ/രാമനാഥനെ സ്വന്തമാക്കാനുമാണ്‌.

Gouri/Naagavalli

ശുഭപര്യവസായിയായ ഒരു സിനിമയ്ക്ക് വേണ്ടത് രോഗവിമുക്തയായ ഗംഗയെയാണ്, അവളുടെയും നകുലന്‍റെയും സന്തുഷ്ടമായ ജീവിതമാണ്. ചില പ്രത്യേക സജ്ജീകരണങ്ങളുടെ സഹായത്തോടെ ഗംഗയിലെ നാഗവല്ലിയുടെ പ്രതികാരം നിര്‍വഹിക്കാന്‍ അവസരം നല്‍കിക്കൊണ്ട് സണ്ണി ഗംഗയുടെ വ്യക്തിത്വം വീണ്ടെടുക്കുന്നു. രോഗവിമുക്തയായ ഗംഗയും നകുലനും സന്തോഷപൂര്‍വ്വം കല്‍കട്ടയിലേയ്ക്ക് മടങ്ങുന്നയിടത്ത് ചിത്രം അവസാനിക്കുന്നു. നരേന്ദ്രനില്‍ നിന്നും ഗൗരിയില്‍ നിന്നും നമ്മള്‍ ഒരു പാട് ദൂരേയ്ക്ക് സഞ്ചരിച്ചെന്ന് തോന്നുന്നുണ്ടോ? തികച്ചും വ്യത്യസ്തമായ പശ്ചാത്തലങ്ങളും കഥാഗതിയുമുളള ഈ രണ്ട് ചിത്രങ്ങള്‍ ബന്ധപ്പെടുന്നതെങ്ങനെയാണ്?

ഫ്രോയ്ഡിന്‍റെ ഇടപെടല്‍ ! എല്ലാ മാനസിക വ്യാപാരങ്ങളുടെയും മാനസികാസ്വാസ്ഥ്യങ്ങളുടെയും പ്രഭവകേന്ദ്രം മനുഷ്യന്‍റെ ലൈംഗികതയിലാണ് വിശുദ്ധ ഫ്രോയ്ഡിയന്‍ മൊഴിയിലൂടെയാണ് താഴ് തുറന്ന്‍ നമ്മള്‍ ഇന്നലെയിലെയ്ക്ക് പോവുക. സദാചാരത്തിന്‍റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗികാഭിലാഷമാണ് ഇവിടെയും പാത്രചോദനകളെ നിര്‍ണയിക്കുന്നത്.

അബോധമനസ്സിന്‍റെ ചോദനകള്‍ പലപ്പോഴും വ്യക്തിയുടെ ബോധമനസിന് ഉള്‍ക്കൊളളാന്‍ കഴിയുന്നതായിരിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളില്‍ ബോധമനസ്സിന് പ്രശ്‌നം നേരിടാത്ത വിധം ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ഉപബോധമനസ്സ് ശ്രമിക്കും. രക്ഷായുക്തികള്‍ അഥവാ, Ego Defense Mechanisms എന്ന ഈ സങ്കേതങ്ങള്‍ വ്യക്തിയുടെ ബോധമനസിന് അജ്ഞാതമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. ഇനി മണിച്ചിത്രത്താഴിലേയ്ക്ക് തിരിച്ചു വരാം.

Being Naagavalli

ഗംഗയുടെ രോഗത്തിനു കാരണം അവളുടെ ബാല്യത്തിലാണെന്ന് കണ്ടെത്തുന്ന ഡോ.സണ്ണി എന്തു കൊണ്ടാണ് ഗംഗയ്ക്ക് നാഗവല്ലിയോട് തന്‍മയീഭാവം (Empathy) ഉണ്ടാകുന്നതെന്ന് വ്യക്തമായി പറയുന്നില്ല. ഗംഗയുടെ അബോധം എന്തു കൊണ്ടാണ് നകുലനെ കാരണവസ്ഥാനത്തും മഹാദേവനെ കാമുകസ്ഥാനത്തും പ്രതിഷ്ഠിക്കുന്നതെന്ന്

വ്യക്തമാക്കിയാല്‍ മാത്രമേ സണ്ണിയുടെ വ്യാഖ്യാനം പൂര്‍ണമാകുകയുളളു. ബോധതലത്തില്‍ സന്തുഷ്ടമായ ദാമ്പത്യം നയിക്കുന്ന ഗംഗ അബോധത്തില്‍ നകുലനെ പ്രതിസ്ഥാനത്ത് നിര്‍ത്തണമെങ്കില്‍ അത് അവരുടെ ജീവിതത്തിലെ അസംതൃപ്തിയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. എന്നാല്‍ ഗംഗയുടെയും നകുലന്‍റെയും ദാമ്പത്യജീവിതത്തിലെ അസംതൃപ്തി സണ്ണിയുടെ അന്വേഷണത്തിന്‍റെ പരിധിയില്‍ വരുന്നേയില്ല. മറിച്ച് അയാള്‍ അതെല്ലാം ഗംഗയുടെ ബാല്യത്തിലാണ് ആരോപിക്കുന്നത്. ലൈംഗികവിഷയങ്ങള്‍ ജനപ്രിയസിനിമയില്‍ ചര്‍ച്ച ചെയ്യാനുള്ള വിമുഖത കൊണ്ടാകാം തിരക്കഥാകൃത്ത് പ്രശ്നങ്ങളെ ബാല്യത്തിലേയ്ക്ക് ചുരുക്കുന്നത്. എന്നാല്‍ സിനിമ സൂചിപ്പിക്കുന്ന സത്യം ഇതാണ്: ഗംഗയുടെ അബോധം നകുലനെ ആഗ്രഹിക്കുന്നില്ല. എന്ന്‍ മാത്രമല്ല അയാളെ ജീവിതത്തില്‍ നിന്നൊഴിവാക്കണമെന്നും അവള്‍ അബോധത്തില്‍ ആഗ്രഹിക്കുന്നുണ്ട്.

ഗംഗയെ സംബന്ധിച്ചിടത്തോളം അബോധത്തിന്‍റെ ചോദനയനുസരിച്ച് നകുലനെ വിട്ട് മറെറാരാളിലേയ്ക്ക് സഞ്ചരിക്കുകയെന്നത് സമൂഹത്തിന്‍റെ വിലക്കുകളുടെ പശ്ചാത്തലത്തില്‍ അസാധ്യമാണ്. ഉപരിജീവിതത്തില്‍ സ്‌നേഹപൂര്‍വ്വം വര്‍ത്തിക്കുന്ന നകുലനെ തളളിപ്പറയുകയെന്നതും ഗംഗയുടെ ബോധമനസിന് ഉള്‍ക്കൊളളാനാവില്ല. തന്നെയുമല്ല, പരപുരുഷമോഹം തന്നിലുണ്ടെന്ന് ബോധപൂര്‍വ്വം സമ്മതിക്കുന്നത് പോലും ഗംഗയുടെ മാനസികനില തകിടം മറിച്ചേക്കും. ഗംഗയിലെ അബോധത്തിന്‍റെ പ്രേരണയ്ക്ക് ഇത്രയേറെ തടസങ്ങളുണ്ടായിരിക്കെ അതിനെ അതിജീവിക്കാന്‍ ഗംഗയുടെ അബോധമനസിന് സങ്കീര്‍ണമായ രക്ഷായുക്തികള്‍ തേടെണ്ടി വരുന്നു. നകുലനെ ജീവിതത്തില്‍ നിന്നൊഴിവാക്കാന്‍ യോജിച്ച സാഹചര്യങ്ങള്‍ ഗംഗയുടെ അബോധമനസിന് ലഭിക്കുന്നത് അവര്‍ മാടമ്പളളി മേടയില്‍ താമസിക്കാനെത്തുമ്പോഴാണ്. അവിടെ വച്ച് നകുലന്‍ വധിക്കപ്പെട്ടാലും അതിന്‍റെ കാരണങ്ങള്‍ പഴയ പ്രേതകഥയില്‍ നിന്ന് സമൂഹം കണ്ടെത്തിത്തിക്കൊളളും. സത്യത്തില്‍ നാഗവല്ലിയുടെ പ്രേതം ഗംഗയില്‍ ആവേശിക്കുകയല്ല. മറിച്ച് ഗംഗയുടെ അബോധം നാഗവല്ലിയില്‍ ആവേശിക്കുകയാണ്.

Chamber of Naagavalli

നകുലനോടൊത്തുളള ദാമ്പത്യത്തിലുളള പൊരുത്തക്കേടാണ് ഗംഗയുടെ രോഗഹേതുവെന്നിരിക്കെ തെററായ രോഗനിര്‍ണയവും ചികില്‍സയുമാണ് ഡോ.സണ്ണി നടത്തുന്നത്. രോഗത്തിനല്ല ചികില്‍സിക്കുന്നതെന്നര്‍ത്ഥം. നാഗവല്ലിയെ തൃപ്തിപ്പെടുത്തുകയാണ് സണ്ണി ചെയ്യുന്നത് . മറിച്ച് ഗംഗയുടെ അബോധത്തെയല്ല . ഗംഗയ്ക്കാണ് ചികിത്സ വേണ്ടത് . നാഗവല്ലിയ്ക്കല്ല.

‘’ഗംഗയില്‍ നിന്ന് ആ രോഗത്തെ പൂര്‍ണമായും പറിച്ചെടുത്തുവെന്നും ഇനിയൊരിക്കലും ആ രോഗം ഗംഗയ്ക്കുണ്ടാകില്ല’’ എന്നും മററുമുളള സണ്ണിയുടെ വാദം തെററാണ്. കാരണം ഇനിയും ഗംഗ കല്‍ക്കട്ടയ്ക്ക് മടങ്ങിപ്പോകുന്നത് അബോധത്തില്‍ താനാഗ്രഹിക്കാത്ത നകുലനോടൊപ്പം തന്നെയാണ്. “കല്‍ക്കട്ടയില്‍ ചെന്നാലും ഗംഗയ്ക്ക് ‘നകുലേട്ടന്‍റെ മാത്രമായിത്തീരാനാ’വില്ലെന്നാണ് സിനിമ പറയാതെ പറയുന്നത്. അതിനാല്‍ തന്‍റെ ലക്ഷ്യം നേടുന്നതിന് ഗംഗയുടെ അബോധമനസ്‌ വീണ്ടും മാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കും. അത് കൊണ്ട് മണിച്ചിത്രത്താഴിന്‍റെ കഥ അവിടെയവസാനിക്കുന്നില്ല. അത് ഇന്നലെയിലൂടെ തുടരുന്നു.

വീണ്ടും നകുലനെ/നരേന്ദ്രനെ ജീവിതത്തില്‍ നിന്നൊഴിവാക്കാനുളള അവസരം കാത്തിരിക്കുന്ന സമയത്താണ് ഒരു തീര്‍ത്ഥാടകസംഘത്തോടൊപ്പം ഗംഗ/ഗൗരി യാത്രയാകുന്നതും അപകടത്തില്‍ പെടുന്നതും. തീര്‍ച്ചയായും അത് തന്നെയാണ് ഗംഗ/ഗൗരിയുടെ അബോധമനസ് കാത്തിരുന്ന അവസരം. അവളുടെ അബോധം നകുലനോടൊത്തുളള/ നരേന്ദ്ര നോടൊത്തുളള ജീവിതത്തിന്‍റെ ഓര്‍മ്മകള്‍ അവളുടെ ബോധമനസില്‍ നിന്ന് എന്നെന്നേയ്ക്കുമായി മായ്ച്ചു കളയുന്നു. തുടര്‍ന്ന് പുതിയ ഒരിടത്ത് പുതിയൊരു ജീവിതം.

ഇന്നലെയിലെ അബോധത്തിന്‍റെ കളികളെക്കുറിച്ച് സംവിധായകനായ പത്മരാജന്‍ ബോധവാനായിരുന്നെന്നാണ് ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഗംഗ കാണുന്ന ദുസ്വപ്നവും ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നോയെന്ന് പോലീസ് ആരായുന്നതും ഇതിന് തെളിവാണ്. നരേന്ദ്രനെ വീണ്ടും കണ്ടുമുട്ടുന്ന അവസരത്തിലാണ് ഗൗരി അയാളെ തിരിച്ചറിയാനുളള നേരിയ സാധ്യതയെങ്കിലുമുളളത്. എന്നാല്‍ ആ സന്ദര്‍ഭത്തില്‍ ഗൗരിയും ശരത്തുമൊത്തുളള വൈകാരികരംഗം ഒരു sexual catalyst ആയി ഭവിക്കുകയും ഓര്‍മ്മകള്‍ക്കുളള സാധ്യതയെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു. അങ്ങനെ സങ്കീര്‍ണമായൊരു പദ്ധതിയില്‍ ഗൗരിയുടെ അബോധം വിജയം നേടുന്നു.

Nakulan working

മണിച്ചിത്രത്താഴിന്‍റെ കാര്യമെടുക്കുക. ലൈംഗികത വിലക്കപ്പെട്ട വിഷയമായിക്കരുതുന്ന മലയാളി സമൂഹത്തിനു മുന്‍പില്‍ രോഗകാരണം കഥാകൃത്ത് മറച്ചു വയ്ക്കുന്നുവെങ്കിലും ചിത്രം അത് പറയാതെ പറയുന്നുണ്ട് ഗംഗയും നകുലനുമൊത്തുളള രംഗങ്ങള്‍ സൂക്ഷ്മമായി ശ്രദ്ധിക്കുക. നകുലന്‍ ‘വര്‍ക്കഹോളിക്ക്’ ആയ ഒരു ഭര്‍ത്താവാണ്. ഗംഗയാണെങ്കില്‍ കവിതയും മററുമായി സമയം ചിലവഴിക്കുന്നൊരു വികാരജീവിയും. നകുലന്‍റെയും ഗംഗയുടെയും ബെഡ്‌റൂം രംഗങ്ങളില്‍ രാത്രി വളരെയായിട്ടും കമ്പ്യൂട്ടറിന്‍റെ സമയം ചിലവഴിക്കുന്ന നകുലനെക്കാണാം. കിടക്കയില്‍ കാത്തിരുന്നു മടുക്കുന്ന, ‘കിടക്കാന്‍നേരത്തൊന്നു വിളിച്ചേക്കണേ, നകുലേട്ടാ’ എന്ന് പറഞ്ഞുറങ്ങുന്ന ഗംഗയും. ക്ഷീണത്തോടെ ഗംഗ കണ്ണടയ്ക്കുമ്പോള്‍, ഒഴിഞ്ഞു കിടക്കുന്ന നകുലന്‍റെ സ്ഥാനത്ത്, മഹാദേവന്‍ എഴുതിയ “കാവൂട്ട്’എന്ന പുസ്തകത്തിലേയ്ക്ക് ക്യാമറ നീങ്ങുന്നത് കാണാം. തന്‍റെ ബാല്യകാലസ്മൃതികളെ തൊട്ടുണര്‍ത്തുന്ന മഹാദേവന്‍റെ കവിതകളും സാനിദ്ധ്യവുമാണ് ഗംഗയില്‍ ചലനം സൃഷ്ടിക്കുന്നത്.

Mahadevan's Book

അങ്ങനെ തിരക്കഥാകൃത്ത് ദമനം ചെയ്തതെല്ലാം സിനിമയുടെ അബോധം ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നു. മലയാളിയുടെ ലൈംഗികദാരിദ്ര്യം എങ്ങനെയെല്ലാം മറച്ചു വച്ചാലും അവന്‍റെ ഓരോ പ്രവര്‍ത്തിയിലൂടെയും വെളിച്ചപ്പെടുന്നത് പോലെയാണത്. ലൈംഗികാഭിലാഷങ്ങള്‍ അനാരോഗ്യകരമായി ദമനം ചെയ്യുന്നൊരു സമൂഹത്തില്‍ അസാധാരണമല്ലാത്ത സംഭവവികാസങ്ങളാണ് ഈ കഥകള്‍. വികാരങ്ങള്‍ അടക്കി വയ്ക്കപ്പെടുമ്പോള്‍ ഭീതിജനകമായ സങ്കീര്‍ണതകളോടെയാണ് മനസ് അവയെ തിരിച്ചടിക്കുന്നത്. മലയാളികളുടെ ലൈംഗിക അരക്ഷിതാവസ്ഥയുടെയും കപടസദാചാരശീലങ്ങളുടെയും പശ്ചാത്തലത്തില്‍ മാടമ്പളളി മേടയ്ക്കുളളിലെന്ന പോലെ കേരളത്തിലും നടക്കുന്ന ഓരോ നിഗൂഢസംഭവങ്ങള്‍ക്കും മനഃശാസ്ത്രപരമായ അര്‍ത്ഥങ്ങളുണ്ട്.

എന്ത് കൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പിറങ്ങിയ ഒരു സിനിമയില്‍ പറയാതെ വിട്ടു പോയ വസ്തുതകള്‍ പിന്നീട്‌ വന്ന ഒരു സിനിമയില്‍ പരാമര്‍ശിക്കപ്പെട്ടു എന്നൊക്കെയുള്ള ഉദ്വേഗജനകമായ ചോദ്യങ്ങള്‍ ബാക്കിയുണ്ട് . ഒരു പക്ഷെ കാള്‍ യുങ്ങിന്‍റെ Collective Unconscious എന്ന സങ്കല്‍പം അനുസരിച്ച് മലയാളികളുടെ മൊത്തം അബോധത്തെ സംശയത്തിലാഴ്ത്തിയിരിക്കാം ഗൌരിയുടെ സ്മൃതി നഷ്ടത്തിന് പിന്നിലെ നിഗൂഡത എന്ത് എന്ന ചോദ്യം. അത് കൊണ്ടാവാം മലയാളികളുടെ പ്രിയപ്പെട്ട സേഫ്റ്റി വാല്‍വ് ആയ മോഹന്‍ ലാളിലൂടെ അത്രയും നീണ്ട ഒരു മനശാസ്ത്ര വിശദീകരണം ഒക്കെ സംഭവിച്ചത്. :) പക്ഷെ സുരേഷ് ഗോപി -ശോഭന ; നകുലന്‍ -നരേന്ദ്രന്‍ ; ഗംഗ -ഗൌരി ഇങ്ങനെ പോകുന്ന സാമ്യതകളുടെ നിര എന്നെ ഉദ്വേഗം കൊള്ളിക്കുന്നു. :)

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്‍റെ തുടര്‍ച്ചയായി ഇന്നലെ കാണുമ്പോള്‍ സവിശേഷമായൊരു വായന സാധ്യമാകുന്നുണ്ട് അതിലുമപ്പുറം, ‘ഞാന്‍ ചിന്തിക്കാത്തയിടത്താണ് ഞാന്‍’ എന്ന ലക്കാനിയന്‍ വചനം പോലെ അബോധത്തിന്‍റെ സങ്കീര്‍ണതകള്‍ ഈ ചിത്രങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇന്നലെയുടെ പ്രീക്വല്‍ ആണ്

മണിച്ചിത്രത്താഴ് എന്നത്എത്രത്തോളം ശരിയായാലും മണിച്ചിത്രത്താഴിന്റെ കഥയ്ക്ക് ഒരു തുടര്‍ച്ചയുണ്ടെങ്കില്‍ അതിലൊരു സാധ്യത ഇന്നലെയാണ്. അതിനാല്‍ ഇന്നലെയ്ക്ക് മുന്‍പ് നിഗൂഢതകളിലേയ്ക്ക് തുറക്കുന്നൊരു ചിത്രപ്പൂട്ടുണ്ട്